ചാക്കിൽകെട്ടിയ നിലയിൽ കുഞ്ഞിന്റേയും യുവതിയുടേയും മൃതദേഹങ്ങൾ അട്ടപ്പാടിയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചന.
അട്ടപ്പാടി പുതൂരിലെ ചീരക്കടവിൽ ഭവാനിപ്പുഴയോരത്ത് മൂന്നു ചാക്കുകളിലാക്കി ഉപേക്ഷിച്ചനിലയിലായിരുന്നു മൃതദേഹങ്ങൾ. ഫോറൻസിക് പരിശോധനയിൽ മൃതദേഹങ്ങൾക്ക് അഞ്ചുദിവസത്തോളം പഴക്കമുണ്ടെന്നും വെള്ളത്തിൽ കിടന്നതായും കണ്ടെത്തി.
പ്രദേശത്ത് കാലിമേയ്ക്കാൻ എത്തിയവരാണ് ഞായറാഴ്ച ഉച്ചയോടെ പുഴയിൽ തങ്ങിക്കിടക്കുന്ന മൂന്നു ചാക്കുകൾ കണ്ടത്. അവർ ആദ്യ ചാക്ക് തുറന്നപ്പോൾ ശരീരഭാഗങ്ങൾ കണ്ടതിനെത്തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസും ഫോറൻസിക് വിഭാഗവും നടത്തിയ പരിശോധനയിലാണ് രണ്ടാമത്തെ ചാക്കിൽനിന്ന് മുപ്പത് വയസ്സോളം പ്രായം തോന്നിക്കുന്ന യുവതിയുടേയും അഞ്ചു വയസ്സ് തോന്നിക്കുന്ന പെൺകുട്ടിയുടേയും ശിരസ്സ് ഉൾപ്പെടെയുള്ള ഭാഗങ്ങൾ പുറത്തെടുത്തത്. മൂന്നാമത്തെ ചാക്കിൽ അടിവസ്ത്രം മാത്രം ധരിച്ച നിലയിൽ യുവതിയുടെ ശരീരഭാഗങ്ങളായിരുന്നു. കൈകാലുകൾ മടക്കി ഇരുത്തിയ നിലയിലാണ് മൃതദേഹം ചാക്കിൽ കയറ്റിവെച്ചിരുന്നത്.
തമിഴ്നാട്ടിൽ നിന്ന് ഉത്ഭവിച്ച് പടിഞ്ഞാറോട്ട് ഒഴുകി കേരളത്തിലേക്ക് പ്രവേശിച്ച ഭവാനിപ്പുഴ വീണ്ടും കിഴക്കോട്ട് തിരിഞ്ഞ് തമിഴ്നാട്ടിലേക്കാണ് ഒഴുകുന്നത്. അതുകൊണ്ട് കൃത്യം നടന്നത് തമിഴ്നാട്ടിലാണോ കേരളത്തിലാണോ എന്നതിൽ അന്വേഷണം നടക്കുന്നുണ്ട്. ഇവിടെയും തമിഴ്നാട് അതിർത്തിയിൽനിന്നും കാണാതായവരുടെ വിവരങ്ങൾ പൊലീസ് ശേഖരിക്കുകയും ചെയ്തു.
യന്ത്രംകൊണ്ട് കഴുത്തറത്ത നിലയിലായിരുന്നു മൃതദേഹങ്ങൾ. ഒരാൾക്ക് ഒറ്റയ്ക്ക് ഇത് ചെയ്യാനാവില്ലെന്ന നിഗമനത്തിലാണ് പൊലീസ്. അന്വേഷണം പുരോഗമിക്കുകയാണ്.


