Safety inspection of school buses led by the Motor Vehicles Department Kerala

മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ സ്കൂൾ ബസുകളുടെ സുരക്ഷാ പരിശോധന 

എറണാകുളം : 2026-27 അധ്യയന വർഷത്തിന് മുന്നോടിയായി മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ സ്കൂൾ ബസുകളുടെ സുരക്ഷാ പരിശോധന മെയ് 20, 23 തീയതികളിൽ കളമശ്ശേരി സി.എഫ് ഗ്രൗണ്ടിൽ രാവിലെ എട്ട് മുതൽ നടക്കും. 

 കുട്ടികളുടെ സുരക്ഷ മുൻനിർത്തി ട്രാൻസ്പോർട്ട് കമ്മീഷണർ നൽകിയിട്ടുള്ള എല്ലാ നിർദ്ദേശങ്ങളും കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ വാഹനങ്ങൾക്ക് അനുമതി നൽകുകയുള്ളൂ എന്ന് ജില്ലാ റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ കെ ആർ സുരേഷ് അറിയിച്ചു. 

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകൾ ഗോൾഡൻ യെല്ലോ നിറത്തിൽ പെയിന്റ് ചെയ്യുകയും വശങ്ങളിൽ ജനലുകൾക്ക് താഴെയായി 150 മില്ലിമീറ്റർ വീതിയിൽ ഗോൾഡൻ ബ്രൗൺ കര നൽകുകയും വേണം.

വാടകയ്ക്കെടുക്കുന്ന വാഹനമാണെങ്കിൽ 'ഓൺ സ്കൂൾ ഡ്യൂട്ടി' എന്ന് വ്യക്തമായി എഴുതിയ ബോർഡ് വാഹനത്തിന് മുന്നിലും പിന്നിലും പ്രദർശിപ്പിക്കണം. എല്ലാ വാഹനങ്ങളിലും ചൈൽഡ് ഹെൽപ്പ് ലൈൻ നമ്പർ ( 1098), മൊബൈൽ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നമ്പർ (8547639117) എന്നിവ രേഖപ്പെടുത്തണം.

ഓരോ വാഹനത്തിലും മതിയായ രീതിയിലുള്ള ഫസ്റ്റ് എയ്ഡ് ബോക്സ്, അഗ്നിശമന ഉപകരണങ്ങൾ എന്നിവ ഉണ്ടായിരിക്കണം. ഫസ്റ്റ് എയ്ഡ് ബോക്സിൽ ഡ്രസ്സിംഗിന് ആവശ്യമായ സാമഗ്രികൾ, ആന്റിസെപ്റ്റിക് ലോഷനുകൾ, ഐ ഡ്രോപ്സ് എന്നിവയുൾപ്പെടെ നിയമം അനുശാസിക്കുന്ന 13 ഇനം വസ്തുക്കൾ നിർബന്ധമായും സൂക്ഷിക്കണം.

വാഹനത്തിന്റെ ജനലുകളിൽ തിരശ്ചീനമായ ഗ്രില്ലുകൾ ഉണ്ടായിരിക്കണം. കൂടാതെ, കുട്ടികളെ സഹായിക്കാൻ യോഗ്യതയുള്ള ഒരു അറ്റൻഡന്റും വാഹനത്തിൽ ഉണ്ടാവണം.

ബസ് ജീവനക്കാരുടെ പെരുമാറ്റവും സേവനവും വിലയിരുത്തുന്നതിനായി രക്ഷിതാക്കളുടെയോ അധ്യാപകരുടെയോ നേതൃത്വത്തിൽ മിന്നൽ പരിശോധനകൾ നടത്താനും നിർദ്ദേശമുണ്ട്.

ഡ്രൈവർമാരുടെ കാര്യത്തിലും കർശനമായ മാനദണ്ഡങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സ്കൂൾ കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് കുറഞ്ഞത് പത്ത് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

ട്രാഫിക് നിയമങ്ങൾ ലംഘിക്കുകയോ അമിതവേഗതയിൽ വാഹനം ഓടിക്കുകയോ ചെയ്തതിന് ഒരു വർഷത്തിനിടെ രണ്ടുതവണയിൽ കൂടുതൽ ശിക്ഷിക്കപ്പെട്ട ഡ്രൈവർമാരെ ഒരു കാരണവശാലും ജോലിക്ക് നിയോഗിക്കരുത്. ബസിൽ യാത്ര ചെയ്യുന്ന കുട്ടികളുടെയും അവരുടെ രക്ഷകർത്താക്കളുടെയും ഫോൺ നമ്പറുകൾ അടങ്ങിയ ലിസ്റ്റ് ലാമിനേറ്റ് ചെയ്ത് വാഹനത്തിൽ സൂക്ഷിക്കണമെന്നും നിർദ്ദേശമുണ്ട്.

സ്കൂൾ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിനായി സ്പീഡ് ഗവർണറുകൾ ഘടിപ്പിക്കുകയും അവ പരമാവധി 50 കിലോമീറ്റർ വേഗതയിൽ ക്രമീകരിക്കുകയും വേണം. 

അടിയന്തര സാഹചര്യങ്ങളിൽ പുറത്തിറങ്ങുന്നതിനായി ബസുകളിൽ കൃത്യമായ അളവിലുള്ള എമർജൻസി എക്സിറ്റുകൾ ഉണ്ടായിരിക്കണം. 

ഓരോ വാഹനത്തിലും കുട്ടികൾക്ക് ഇരിക്കാനുള്ള സീറ്റുകളുടെ വീതിയും നീളവും നിശ്ചിത അളവിൽ കുറയരുത്. 

ഈ നിർദ്ദേശങ്ങൾ പാലിക്കാത്ത വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.

Next Post Previous Post
No Comment
Add Comment
comment url
sr7themes.eu.org