സംസ്ഥാന സർക്കാർ 'കെ- റൈസ്' ബ്രാൻഡിൽ അരി വിപണിയിലെത്തിക്കുന്നു.
ശബരി കെ-റൈസ് (ജയ), ശബരി കെ-റൈസ് (കുറുവ), ശബരി കെ-റൈസ് (മട്ട) അരികളാണ് ഉടൻ വിപണിയിലെത്തുന്നത്. ജയ അരി കിലോക്ക് 29 രൂപ നിരക്കിലും മട്ട അരിയും കുറുവ അരിയും കിലോക്ക് 30 രൂപ നിരക്കിലുമാകും വിതരണം ചെയ്യുക.
സപ്ലൈകോ സബ്‌സിഡിയായി റേഷൻ കാർഡ് ഉടമകൾക്കു നൽകിയിരുന്ന അരിയുടെ ഭാഗമായാണു കെ-റൈസ് വിപണിയിൽ എത്തിക്കുന്നത്. റേഷൻ കാർഡ് ഒന്നിന് മാസംതോറും അഞ്ച് വിലോ അരി വീതം നൽകും. ഇതോടൊപ്പം സപ്ലൈകോയിൽ നിന്ന് സബ്‌സിഡി നിരക്കിൽ ലഭിക്കുന്ന മറ്റ് അരികൾ കാർഡ് ഒന്നിന് അഞ്ച് കിലോവീതം വാങ്ങാം.
പൊതുജനങ്ങൾക്ക് കുറഞ്ഞ വിലയിൽ നല്ലയിനം അരി ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് സപ്ലൈകോ മുഖേന ശബരി കെ- റൈസ് എന്ന ബ്രാൻഡിൽ അരി വിതരണം ചെയ്യാൻ തീരുമാനിച്ചത്. ടെന്റർ നടപടികൾ പാലിച്ചു കൊണ്ട് ഗുണനിലവാരം ഉറപ്പു വരുത്തിയാണ് അരി സംഭരിക്കുക. തിരുവനന്തപുരത്ത് ജയ അരിയും കോട്ടയം, എറണാകുളം മേഖലയിൽ മട്ട അരിയും, പാലക്കാട്, കോഴിക്കോട് മേഖലയിൽ കുറുവ അരിയുമാകും വിതരണത്തിനെത്തുക. ആദ്യഘട്ടത്തിൽ അഞ്ചുകിലോ അരിയുടെ പാക്കറ്റാണ് ലഭ്യമാകുന്നത്. സപ്ലൈകോയുടെയും ശബരി ബ്രാൻഡ് ഉൽപ്പന്നങ്ങളുടെയും പ്രമോഷന്റെ ഭാഗമായിട്ടാണ് ആദ്യഘട്ടത്തിൽ ശബരി കെ-റൈസ് ബ്രാൻഡഡ് സഞ്ചിയിൽ വിതരണം ചെയ്യുന്നത്.