The Govt. ordered to increase the honorarium of the Asha workers | ആശാ വർക്കർമാരുടെ ഓണറേറിയം വർധിപ്പിച്ച് ഉത്തരവിട്ടു


സംസ്ഥാനത്തെ ആശാ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വർധിപ്പിച്ച് 7,000 രൂപയാക്കി ആരോഗ്യ വകുപ്പ് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 2023 ഡിസംബർ മാസം മുതൽ പ്രാബല്യത്തിൽ വരത്തക്കവിധത്തിലാണ് ഓണറേറിയം വർധിപ്പിച്ചത്. 2016ന് മുമ്പ് ആശാ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം 1,000 രൂപ ആയിരുന്നു. അതിന് ശേഷം ഘട്ടംഘട്ടമായാണ് പ്രതിമാസ ഓണറേറിയം 6,000 രൂപ വരെ വർധിപ്പിച്ചത്. ഇതിന്റെ തുടർച്ചയായാണ് വീണ്ടും 1,000 രൂപ ഓണറേറിയം വർധിപ്പിച്ചത്. 14 ജില്ലകളിലായി നിലവിൽ 21,371 പേർ ഗ്രാമ പ്രദേശങ്ങളിലും 4,205 പേർ നഗര പ്രദേശങ്ങളിലും 549 പേർ ട്രൈബൽ മേഖലയിലുമായി ആകെ 26,125 ആശാ വർക്കർമാർ സേവനമനുഷ്ഠിക്കുന്നു. ഇവർക്കെല്ലാം ഈ വർധനവിന്റെ ഗുണഫലം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാന സർക്കാർ മാസം തോറും നൽകുന്ന 7000 രൂപ ഓണറേറിയത്തിന് പുറമേ വിവിധ പദ്ധതികളിൽ നിന്നുള്ള ഇൻസെന്റീവുകളും ലഭിക്കും. ഈ 7,000 രൂപ കൂടാതെ എല്ലാ ആശാ വർക്കർമാർക്കും 2,000 രൂപ വീതം സ്ഥിരമായി പ്രതിമാസ ഇൻസെന്റീവ് ലഭിക്കും. ഇതുകൂടാതെ ഓരോ ആശാപ്രവർത്തകയും ചെയ്യുന്ന സേവനമനുസരിച്ച് വിവിധ സ്‌കീമുകളിലൂടെ 1,500 രൂപ മുതൽ 3,000 രൂപ വരെ മറ്റ് ഇൻസെന്റീവുകളും ലഭിക്കും. 2022 ഏപ്രിൽ മുതൽ ആശമാർക്ക് പ്രതിമാസം 200 രൂപ ടെലിഫോൺ അലവൻസും നൽകി വരുന്നുണ്ട്. ആശാ വർക്കർമാരുടെ ഇൻസെന്റീവും ഓണറേറിയവും കൃത്യമായി ലഭിക്കാൻ ആശ സോഫ്റ്റുവെയർ വഴി അതത് ആശമാരുടെ അക്കൗണ്ടുകളിലേക്കാണ് തുക നൽകി വരുന്നത്.

2007 മുതലാണ് കേരളത്തിൽ ആശാ പദ്ധതി നടപ്പിലാക്കി വരുന്നത്. കേരളത്തിൽ അംഗീകൃത സാമൂഹ്യ, ആരോഗ്യ പ്രവർത്തകരായി സംസ്ഥാനത്തുടനീളം ആശാപ്രവർത്തകരെ തെരഞ്ഞെടുക്കുകയും വിവിധ ഘട്ടങ്ങളിലായി പരിശീലനം നൽകി വരികയും ചെയ്യുന്നു.

മാതൃ-ശിശു സംരക്ഷണം, പ്രാഥമിക വൈദ്യസഹായം, അനുബന്ധ സ്ഥാപനങ്ങളുമായി ചേർന്ന് സേവനങ്ങൾ ഉറപ്പാക്കുക, പകർച്ചവ്യാധി നിയന്ത്രണ പ്രവർത്തനങ്ങളിൽ നേതൃത്വപരമായ പങ്കുവഹിക്കുക, പ്രാദേശിക ആരോഗ്യ പ്രശ്‌നങ്ങൾ മനസിലാക്കി അവ പരിഹരിക്കാൻ വാർഡ് ആരോഗ്യ-ശുചിത്വ സമിതികളുമായി ചേർന്ന് പ്രവർത്തിക്കുക, ഗർഭിണികൾക്കും കുട്ടികൾക്കുമുളള ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുക, ജീവിതശൈലീ രോഗ പ്രതിരോധ പ്രവർത്തനങ്ങൾ, സാന്ത്വന പരിചരണം, സാമൂഹിക പങ്കാളിത്തത്തോടെയുള്ള മാനസികാരോഗ്യ പരിപാടി തുടങ്ങിയവയാണ് ആശാ പ്രവർത്തകരുടെ പ്രധാന ചുമതലകൾ.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.